ആരോഗ്യത്തിന് ഏറെ മികച്ചതും രുചികരവുമാണ് മുരിങ്ങക്കായ. എന്നാല്‍ ഒരു വിഭാഗം ഭക്ഷണത്തില്‍ നിന്നും മുരിങ്ങക്കായയെ ഒഴിവാക്കാറുമുണ്ട്. രോഗപ്രതിരോധ ശേഷിയുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്ന മുരിങ്ങക്കായ നിത്യവും കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധിയാണ്.
വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങക്കായ. ഫൈബറിന്റെ കലവറയായ മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് മലബന്ധം ഉള്‍പ്പെടെ തടയാന്‍ സഹായിക്കുന്നു. ദഹനത്തിനും മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് ഗുണം ചെയ്യും. നിയാസിന്, റൈബോഫ്ളേവിന്‍, വിറ്റാമിന്‍ ബി 12 എന്നിവ മുരിങ്ങക്കായയില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ദഹന പ്രക്രിയയെ മികച്ചതാക്കുന്നത്.
ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ശ്വാസകോശത്തിലെ വീക്കം പരിഹരിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ കഴിയും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാന്‍ മുരിങ്ങക്കായയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
രക്തം ശുദ്ധീകരിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പച്ചക്കറിയാണ് മുരിങ്ങക്കായ. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്ക് ഘടകങ്ങള്‍ രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.
പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ദിവസേന മുരിങ്ങക്കായ ഉപയോഗിക്കാം. മുരിങ്ങക്കായ ദിവസേന കഴിക്കുന്നത് പിത്താശയത്തിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുന്നു.
നിത്യേന മുരിങ്ങക്കായ കഴിക്കുന്നവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയാകും ഉണ്ടാകുക. വിറ്റാമിന്‍ സിയുടെ കലവറയാണ് മുരിങ്ങക്കായ. മറ്റ് ആന്റീ ബാക്ടീരിയല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചുമ, ജലദോഷം, കാലാവസ്ഥ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.