വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പലരും ഫ്രീയായി കൊടുക്കുന്ന ഉപദേശമാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി കുറയ്ക്കുക എന്നത്. ഈ ഉപദേശം കേട്ട് ഓരോ ദിവസവും കഴിയ്ക്കുന്ന കലോറി വല്ലാതെ കുറച്ചിട്ടും തടി മാത്രം കുറയുന്നില്ലെന്ന പരാതി നിങ്ങള്‍ക്കുണ്ടോ? ചിലപ്പോള്‍ നിങ്ങള്‍ക്ക് വണ്ണം കുറയാത്തതിന്റെ കാരണങ്ങള്‍ താഴെ പറയുന്നതില്‍ ചിലതുമാകാം.നിങ്ങള്‍ ശരിയായ രീതിയില്‍ പോഷകഗുണമുള്ള ഭക്ഷണം കഴിയ്ക്കുന്നില്ല
നന്നായി പഞ്ചസാര അടങ്ങിയതും വറുത്തതും പ്രൊസസ്ഡ് ആയതുമായ ഭക്ഷണമാണ് നിങ്ങള്‍ കലോറി ഒപ്പിച്ച് കഴിയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന പോലെ വണ്ണം കുറയാനുള്ള സാധ്യത കുറവാണ്. ധാന്യങ്ങള്‍, മുട്ട, ഇലക്കറികള്‍, പഴങ്ങള്‍, മില്ലറ്റ്, മത്സ്യം, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തി ഡയറ്റ് മെച്ചപ്പെടുത്താം.
നിങ്ങള്‍ കൂടുതല്‍ മസില്‍ ബില്‍ഡ് ചെയ്യുകയാകാം
വ്യായാമം ചെയ്യുക വഴി നിങ്ങള്‍ കത്തിച്ചുകളഞ്ഞ കൊഴുപ്പ് നഷ്ടമാകുകയും പേശികള്‍ കൂടുതല്‍ ദൃഡമാകുക വഴി മസില്‍ ഡെന്‍സിറ്റി കൂടുമ്പോള്‍ നിങ്ങളുടെ മെഷീനില്‍ ചിലപ്പോള്‍ ഒരുകിലോ പോലും കുറഞ്ഞതായി കാണിക്കുന്നുണ്ടാകില്ല. പക്ഷേ സത്യത്തില്‍ നിങ്ങള്‍ കൊഴുപ്പ് ശരീരത്തില്‍ നിന്ന് കളയുക തന്നെയാണ്. ഇത് ആരോഗ്യത്തിനും നല്ലതാണ്.മാനസിക സമ്മര്‍ദം
മാനസിക സമ്മര്‍ദം വര്‍ധിക്കുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുകയും ഇത് മെറ്റബോളിസം നിരക്ക് കുറയ്ക്കുകയും മധുരമുള്ള ഭക്ഷണങ്ങളോടും മറ്റുമുള്ള കൊതി കൂട്ടുകയും ചെയ്യുന്നു. ഇത് തടി കുറയാതിരിക്കാന്‍ കാരണമാകുന്നു.
ഉറക്കക്കുറവ്
വണ്ണം കുറയ്ക്കുന്നതില്‍ ഡയറ്റും വ്യായാമവും പോലെ വളരെ പ്രധാനപ്പെട്ടതാണ് ഉറക്കവുമെന്ന് ഒട്ടനവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആവശ്യത്തിന് ഉറക്കം കിട്ടാത്തത് ശരീരത്തിന്റെ മെറ്റബോളിസം നിരക്കിനെ സാരമായി ബാധിക്കുന്നു. ഉറക്കത്തിന് കൃത്യസമയം നിശ്ചയിക്കുന്നതും ആ സമയത്ത് നല്ലതുപോലെ ഉറങ്ങാന്‍ ശ്രമിക്കുന്നതും മെറ്റബോളിസം നിരക്ക് മെച്ചപ്പെടുത്താനും തടി കുറയുന്നതിനും സഹായിക്കും.