ഇന്ന് തമിഴ്നാട്ടില്‍ നടത്താനിരുന്ന പഥസഞ്ചലനം ആര്‍എസ്‌എസ് റദ്ദാക്കി

ചെന്നൈ: ആര്‍എസ്‌എസ് ഇന്ന് തമിഴ്നാട്ടില്‍ നടത്താനിരുന്ന പദസഞ്ചലനം റദ്ദാക്കി. മദ്രാസ് ഹൈക്കോടതി പദസഞ്ചലനത്തിന് ചില സ്ഥലങ്ങളില്‍ അനുമതി നല്‍കാതിരുന്നതും, റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് പദസഞ്ചലനം റദ്ദാക്കാന്‍ ആര്‍ എസ് എസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ യോഗത്തിനു ശേഷമാണ് ഔദ്യോഗിക പ്രതികരണം സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നവംബര്‍ ആറിന് സംസ്ഥാനത്ത് റൂട്ട് മാര്‍ച്ചുകള്‍ നടത്തില്ലെന്ന് ആര്‍എസ്‌എസ് അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ മാത്രമേ റാലികള്‍ നടത്താവൂ എന്ന നവംബര്‍ 4 ലെ കോടതി വിധി സ്വീകാര്യമല്ലെന്നാണ് ആര്‍എസ്‌എസ് ദക്ഷിണമേഖലാ അധ്യക്ഷന്‍ ആര്‍.വന്നിരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

60ല്‍ 44 ഇടങ്ങളില്‍ ആര്‍എസ്‌എസ് റാലി നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലോ ഗ്രൗണ്ടിലോ ഉള്ള റാലികള്‍ക്ക് മാത്രമേ കോടതി അനുമതി നല്‍കിയിട്ടുള്ളൂ. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും വന്നിരാജന്‍ പറഞ്ഞു.