നദിയിൽ ചാടി ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്നത് നാട്ടുകാരുടെ പ്രിയപ്പെട്ട മുൻ എംഎൽഎ: ഇപ്പോൾ മോർബിയിൽ ബിജെപി സ്ഥാനാർഥി

അഹമ്മദാബാദ്: മോർബി പാലം തകർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന മുൻ എംഎൽഎ കന്തിലാൽ അമൃതിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി ബിജെപി. വ്യാഴാഴ്ച തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 160 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതിലാണ് മോർബിയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കാന്തിലാലിന്റെ പേരുമുള്ളത്.

തന്റെ ജീവൻ പോലും പണയംവെച്ച് അദ്ദേഹം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു. നേരത്തെ അദ്ദേഹത്തെ ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ബിജെപി പരിഗണിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ധൈര്യത്തോടുള്ള ആദരമെന്ന നിലയിൽ മോർബിയിൽ തന്നെ സീറ്റ് നൽകുകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, ഭൂപേന്ദർ യാദവ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീൽ എന്നിവരാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

സ്വന്തം ജീവൻ പോലും വകവയ്‌ക്കാതെയാണ് കാന്തിലാൽ നദിയിലേക്ക് എടുത്ത് ചാടിയതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ ആർആർ പാട്ടീൽ പറഞ്ഞു. നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനായി. കഴിഞ്ഞ മാസം 30നായിരുന്നു മോർബി പാലം തകർന്ന് വീണത്. സംഭവത്തിൽ 135 പേർ മരണപ്പെട്ടു.