രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
മന്ത്രി അഖില്‍ ഗിരിയുടെ പരാമര്‍ശങ്ങള്‍ അപലപിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി താന്‍ ക്ഷമചോദിക്കുന്നതായും രാഷട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നും മമത ബാനര്‍ജി പറഞ്ഞു. ദ്രൗപദി മുര്‍മുവിനെതിരായ അഖില്‍ ഗിരിയുടെ അധിക്ഷേപ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. തിങ്കളാഴ്ചയാണ് മമത ക്ഷമാപണം നടത്തിയത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും ബിജെപിയേയും അധിക്ഷേപിക്കുന്ന അഖില്‍ ഗിരിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താന്‍ സുന്ദരനല്ലെന്നാണ് ബിജെപി പറയുന്നത്. ആരെയും രൂപം നോക്കി വിലയിരുത്താറില്ല. ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓഫീസിനെ ബഹുമാനമുണ്ട്. എന്നാല്‍ എന്താണ് നമ്മുടെ രാഷ്ട്രപതിയുടെ രൂപം എന്നാണ് അഖില്‍ ഗിരി നന്ദിഗ്രാമില്‍ വെള്ളിയാഴ്ച പ്രസംഗിച്ചത്. അധിക്ഷേപ പരാമര്‍ശം വൈറലായതിന് പിന്നാലെ മന്ത്രിയെ പുറത്താക്കണമെന്നുള്ള ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.