ദോഹ: ഖത്തർ യാത്രക്കിടെ രസകരമായ വീഡിയോ പങ്കുവെച്ച് അര്‍ജന്‍റീനീയൻ മുൻ താരം സെര്‍ജിയോ അഗ്യൂറോ. ഖത്തറിലേക്കുള്ള വിമാനയാത്രക്കിടെ ബ്രസീൽ ആരാധകര്‍ക്കിടയിൽ പെട്ടുപോയ വീഡിയോയാണ് അഗ്യൂറോ തന്റെ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കിടെയിലാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്.
അതേസമയം, കാൽപന്ത് കളിയുടെ വിശ്വമാമാങ്കത്തിന് നാളെ ഖത്തറില്‍ തുടക്കമാകും. ഫുട്ബോള്‍ ലോകകപ്പിന്‍റെ കിക്കോഫിനായി ലോകമെങ്ങും ആവേശത്തോടെ കാത്തിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് പുറമെ സൂപ്പർ താരം ലയണൽ മെസിയുടെ അര്‍ജന്‍റീനയും നെയ്‌മറുടെ ബ്രസീലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ജര്‍മ്മനിയും സ്‌പെയിനുമെല്ലാം ഖത്തറില്‍ അത്ഭുതം കാട്ടുമെന്ന പ്രതീക്ഷയിലാണ്.
ലോകകപ്പിനായി പരിശീലകന്‍ ടിറ്റെയുടെ നേതൃത്വത്തില്‍ ബ്രസീൽ ടീം നാളെ ഖത്തറിലെത്തും. അൽ അറബി എസ്സി സ്റ്റേഡിയത്തിലാകും ടീമിന്‍റെ പരിശീലനം. ലോകകപ്പിന് മുമ്പ് പരിക്ക് താരങ്ങള്‍ക്കും ടീമുകള്‍ക്കും വലിയ തിരിച്ചടിയാവുകയാണ്. സ്‌പെയിനിന്‍റെ വിങ്ങര്‍ ഹോസെ ഗയാ പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി.
ഇക്കാര്യം സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ജോര്‍ദാനെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ വലത്തെ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. വലന്‍സിയ താരം കൂടിയായ ഗയാ ഉടനടി താരം സ്‌പെയിനിലേക്ക് മടങ്ങും. അലസാന്ദ്രോ ബാൾഡെയാണ് പകരക്കാരന്‍.