ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകർത്ത് പോര്‍ച്ചുഗൽ ക്വാർട്ടറിൽ. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗൽ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ പരിഗണിക്കാതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് പോര്‍ച്ചുഗൽ ഇറങ്ങിയത്. റൊണാള്‍ഡോയ്ക്ക് പകരം കളത്തിലിറക്കിയ ഗോണ്‍സാലോ റൊമോസ് ഹാട്രിക് നേടി കളം നിറഞ്ഞു.
ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ റാമോസിന് മികച്ച തുടക്കമായിരുന്നു ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിൽ ലഭിച്ചത്. മത്സരം തുടങ്ങി 17-ാം മിനിറ്റിൽ പോര്‍ച്ചുഗലിനായി റാമോസ് ആദ്യ ഗോള്‍ നേടി. തുടരെ ആക്രമിച്ചു കളിച്ച പോര്‍ച്ചുഗൽ 32-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. ഇത്തവണ പന്ത് ലക്ഷ്യത്തിലെത്തിച്ചത് പ്രതിരോധ താരം പെപെയായിരുന്നു.
രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങൾ നടത്തിയ പോര്‍ച്ചുഗൽ 51-ാം മിനിറ്റില്‍ ലീഡുയർത്തി. റാമോസാണ് ഗോൾ നേടിയത്. മൂന്നാം ഗോളിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ സ്വിസ് പോസ്റ്റിലേക്ക് പോര്‍ച്ചുഗലിന്റെ നാലാമത്തെ ഗോൾ പിറന്നു. റാഫേല്‍ ഗുരേരയാണ് ലീഡുയർത്തിയത്. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് റാമോസും.
58-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി പ്രതിരോധ താരം മാനുവല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. എന്നാല്‍, പോര്‍ച്ചുഗൽ ആക്രമണം നിര്‍ത്തിയില്ല. 67-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സ്‌കോര്‍ അഞ്ചിലെത്തിച്ച റാമോസ് ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഹാട്രിക്കും കണ്ടെത്തി. ജാവോ ഫെലിക്‌സ് ബോക്‌സിനുള്ളിലേയ്ക്ക് നീട്ടി നല്‍കിയ പന്ത് റാമോസ് വലയിലെത്തിച്ചു.
73-ാം മിനിറ്റില്‍ ഫെലിക്‌സിനെ പിന്‍വലിച്ച് റൊണാള്‍ഡോയെ കളത്തിലിറക്കി. 84-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്താനുള്ള താരത്തിന്റെ ശ്രമം ഓഫ്‌സൈഡില്‍ കലാശിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോ വക ആറാമത്തെ ഗോളോടെ സ്വിസ് പതനം പൂര്‍ണം. 2008ന് ശേഷം ആദ്യമായാണ് സുപ്രധാന ടൂര്‍ണമെന്റില്‍ ആദ്യ ഇലവനില്‍ റൊണാള്‍ഡോയില്ലാതെ പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്.