നിദ ഫാത്തിമയുടെ മൃതദേഹം കേരളത്തിലെത്തിച്ചു,അമ്പലപ്പുഴ കാക്കാഴം മസ്‌ജിദിൽ കബറടക്കം ഉച്ചയ്ക്ക്

കൊച്ചി: നാഗ്‌പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കേരളത്തിലെത്തിച്ചു.പിതാവ് ശിഹാബുദ്ദീൻ അനുഗമിച്ച നിദയുടെ ചേതനയറ്റ ശരീരം നെടുമ്പാശ്ശേരി എയർപോർട്ടിൽ അമ്പലപ്പുഴ എം എൽ എ എച് സലാമും സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്സിക്കുട്ടനും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി.9 മണിയോടെ ആലപ്പുഴയിൽ എത്തിച്ച് നിദ പഠിച്ചിരുന്ന നീർക്കുന്നം സ്കൂളിൽ പൊതുദർശനത്തിന് വെക്കും ഇതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും.

ഇന്നുച്ചയ്ക്ക് അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിലാണ് സംസ്കാരം. ആശുപത്രിക്കെതിരെ കുടുംബം നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം ഉണ്ടാകും. കഴിഞ്ഞ 22ന് ഉച്ചയോടെ ആണ് നിദ ഫാത്തിമ എന്ന 10വയസുകാരി ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണമടയുന്നത്.സംസ്ഥാന സർക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട്‌ ആവശ്യപ്പെടും.

നിദ ഫാത്തിമയുടെ മരണം മനഃപൂർവ്വമുണ്ടാക്കിയ നരഹത്യയാണെന്ന് കേരളാ സൈക്കിൾ പോളോ അസ്സോസിയേഷൻ ആരോപിച്ചു. നിദ ഫാത്തിമയുടെ മരണത്തിൽ, സൈക്കിൾ പോളോ ദേശീയ ഫെഡറേഷൻ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ സെക്രട്ടറിയും കോടതിയിൽ ഹാജരാകണം.

50000 രൂപ നേരത്തെ നൽകിയിട്ടും മത്സരത്തിനായി എത്തിയ കുട്ടികൾക്ക് വെള്ളവും ഭക്ഷണവും നൽകിയില്ലെന്നും കേരളത്തിൽ നിന്നുള്ള നിദ ഫാത്തിമ ഉൾപ്പെടെയുള്ള കുട്ടികൾക്ക് അവഗണന നേരിടേണ്ടി വന്നുവെന്നും ഹർജിക്കാർ അറിയിച്ചു.നിദയുടെ രക്ത സാമ്പിളുകൾ മൂന്നു ലാബുകളിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് പ്രധാനമായും സംശയിക്കുന്നത്.

നിദ ഫാത്തിമയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എം പി എ എം ആരിഫ് ,ചാലക്കുടി എം പി ബെന്നി ബഹനാൻ ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.ജനുവരി 12 ന് കേസ് വീണ്ടും പരിഗണിക്കും.