69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർണം. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാന്റിങ് ഇൻ ചീഫ് എന്നിവരും ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും.ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ 20 ഡിവൈഎസ്പി, 50 ഇൻസ്പെക്ടർ, 465 എസ്ഐ എന്നിവരുൾപ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.പുന്നമട കായലിൽ രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലുമുതലാണ് ഫൈനൽ മത്സരങ്ങൾ.ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സിൽ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക.