ന്യൂഡൽഹി: പാകിസ്താനില്‍ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാട് ഇമ്രാന് ഖാനെതിരെ നടന്ന ആക്രമണത്തോടെ വീണ്ടും ചർച്ചയാകുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാകപ്പ് പാകിസ്താനിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഭീകരവാദവും രാഷ്ട്രീയ അസ്ഥിരതയും വാഴുന്ന പാകിസ്താനില്‍ ഇന്ത്യന്‍ കളിക്കാരെ വിടുന്നത് സുരക്ഷിതമല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇക്കാര്യമാണ് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്. മുന്‍ പാകിസ്താന് ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന് വെടിയേറ്റതോടെ അവിടെ ആരും സുരക്ഷിതരല്ല എന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്.
ഈ സാഹചര്യത്തില്‍ എങ്ങനെ ഇന്ത്യന്‍ കളിക്കാരെ അവിടേക്ക് അയക്കുമെന്ന ചോദ്യം ശ്രദ്ധേയമാണ്. മുമ്പ് പാക് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ കളിക്കാരുടെ ബസിന് നേരെ കറാച്ചിയില്‍ ബോംബാക്രമണവും വെടിവയ്പ്പും നടന്നിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് ശ്രീലങ്കന്‍ കളിക്കാര്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത്. ഏഷ്യാ കപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്കരിക്കുമെന്നാണ് പാക് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പ്രതികരിച്ചത്. പാകിസ്താന്റെ വെല്ലുവിളിയ്ക്ക് അര്‍ഹിക്കുന്ന മറുപടിയാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ നല്‍കിയത്. അടുത്തവര്‍ഷം ഇന്ത്യയില്‍ തന്നെ ലോകകപ്പ് നടക്കുമെന്നും എല്ലാ ടീമുകളും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിസിഐയുടെ നിലപാടിനെ രാജ്യത്തെ ജനങ്ങള്‍ പൊതുവെ സ്വാഗതം ചെയ്തുവെങ്കിലും ഇടതുപക്ഷക്കാരും ചില ലിബറലുകളും രംഗത്ത് വന്നിരുന്നു. ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നായിരുന്നു ഇവരുടെ വാദം. ഇന്ത്യന്‍ കളിക്കാരുടെ സുരക്ഷ പണയം വച്ച് ഭീകരരാജ്യത്തിലേക്ക് കളിക്കാന്‍ വിടണമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ ആ വാദങ്ങളെ പൊളിക്കുന്ന വാര്‍ത്തകളാണ് പാകിസ്താനില്‍ നിന്ന് ഒടുവില്‍ പുറത്ത് വരുന്നത്.
ചൈന പോലും പാകിസ്താനിലെ ഭീകരാക്രമണം മൂലം പൊറുതി മുട്ടിയിരിക്കുകയാണ്.
വിവിധ പദ്ധതികള്‍ക്കായി എത്തിയ ചൈനീസ് തൊഴിലാളികളും എഞ്ചിനീയര്‍മാരും പാകിസ്താനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് ബീജിങിനെ സമര്‍ദ്ദത്തിലാക്കിയിരുന്നു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയില്‍ ചൈന നിരന്തരം ആശങ്ക പ്രകടിപ്പിച്ചിട്ടും പാകിസ്താന് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ നീരസം ചൈന ഇടയ്ക്കിടെ പ്രകടിപ്പിക്കുന്നുണ്ട്. അത് കാരണം ചൈനയുടെ പാകിസ്താനിലെ നിരവധി പദ്ധതികള്‍ അനിശ്ചിതത്വത്തിലാണ്. ഇമ്രാന് ഖാന് വെടിയേറ്റതോടെ പാക് ക്രിക്കറ്റിന്റെ ഭാവിയും അനിശ്ചിതത്വത്തിലായുണ്ട്. ഇനി വിദേശ ടീമുകള്‍ ഇന്ത്യയുടെ മാതൃക പിന്തുടര്ന്ന് പാക് മണ്ണിനെ ബഹിഷ്കരിക്കുമോയെന്ന് കണ്ടറിയാം.