ജോഹന്നാസ്ബര്‍ഗ് : സുലു രാജകുമാരന്‍ ലെത്തുകുത്തുലയുടെ കൊലപാതകത്തിൽ വിചാരണ നേരിട്ട് നാല് സ്ത്രീകൾ. ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബര്‍ 6 ന് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു കണ്ടെത്തിയത്. പരേതനായ സുലു രാജാവ് ഗുഡ്വില്‍ സ്വെലിത്തിനി കബെകുസുലുവിന്റെ മകനായിരുന്നു ലെത്തുകുത്തുല.
ഈ സംഭവത്തില്‍ രാജകുമാരനോടൊപ്പം കിടക്ക പങ്കിടാന്‍ എത്തിയ നാല് സ്ത്രീകള്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. സുലു രാജകുമാരന്‍ ലെത്തുകുത്തുലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ത്‌ഷെഫോഗാറ്റ്‌സോ മോറെമാന്‍ (30) മാര്‍ഗരറ്റ് കൊയ്‌ലെ (42) പോര്‍ട്ടിയ മോള (28), ഗോണ്ട്‌സെ ത്‌ഹോലെ (30) എന്നീ സ്ത്രീകളാണ് വിചാരണ നേരിടുന്നത്. ഇവര്‍ രാജകുമാരനെ നഗ്നനാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.
രാജകുമാരന്റെ മൃതദേഹം ആദ്യം കണ്ട പൊലീസ് ഉദ്യോഗസ്ഥനും, മെഡിക്കല്‍ ഓഫീസറും കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കി. അപ്പാര്‍ട്ട്‌മെന്റില്‍ സുലു രാജകുമാരന്‍ ലെത്തുകുത്തുലയുടെ മൃതദേഹം കണ്ടെത്തിയ അവസ്ഥയെക്കുറിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. പൂർണ്ണ നഗ്നനായി ലിംഗത്തില്‍ കോണ്ടം ഉപയോഗിച്ച് മരിച്ച നിലയിലാണ് രാജകുമാരന്റെ മൃതദേഹം കണ്ടെതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.
കേസില്‍ ജോഹന്നാസ്ബര്‍ഗിലെ സൗത്ത് ഗൗട്ടെങ് ഹൈക്കോടതിയിലാണ് വിചാരണ നടക്കുന്നത്. രാജകുമാരന്‍ മരണപ്പെട്ടതായി ഡോക്ടര്‍ ഉറപ്പ് വരുത്തിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മൃതദേഹം പരിശോധിച്ചത്. ശരീരത്തില്‍ ഉള്ള പരിക്കുകളെ കുറിച്ച് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ മൃതദേഹത്തിന്റെ ലിംഗത്തില്‍ കോണ്ടം ധരിച്ചിരുന്നു. എന്നാല്‍ ലിംഗത്തില്‍ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും ഓഫീസര്‍ പറഞ്ഞു.
അതേസമയം 51 കാരനായ രാജകുമാരന്റെ മരണം സ്വാഭാവികമാണെന്ന് കരുതുന്നില്ലെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയത്. ലഹരിമരുന്നായ കൊക്കെയ്ന്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് ലെത്തുകുത്തുല രാജകുമാരന്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കൊക്കെയ്ന്‍ അമിത അളവിൽ കൊടുത്ത് രാജകുമാരനെ മയക്കിയ ശേഷം, ഇവർ അദ്ദേഹത്തിന്റെ വിലപ്പെട്ട ആഭരണങ്ങളും മറ്റു വസ്തുക്കളും മോഷ്ടിക്കുകയും,വിൽക്കുകയും ചെയ്തിരുന്നു. വിചാരണയിൽ ഇവർ എല്ലാ കുറ്റവും സമ്മതിക്കുകയും ചെയ്തു.