കയ്റോ :കാലാവസ്ഥ മാറ്റത്തിനെതിരെ പ്രതിജ്ഞകൾ തുടരുന്നതിനു പകരം രാജ്യങ്ങൾ പ്രവർത്തിക്കാൻ തുടങ്ങണമെന്ന് യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയരായ ഈജിപ്തിന്റെ ആഹ്വാനം. പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗ നിയന്ത്രണവും കാർബൺ ബഹിർഗമനം കുറയ്ക്കലും ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തു നടത്തുന്ന ഉച്ചകോടിയാണ് (കോൺഫെറൻസ് ഓഫ് പാർട്ടീസ് – കോപ് ) ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ ആരംഭിച്ചത്
യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന്റെ ഫലമായുള്ള ഭക്ഷ്യ, ഊർജ പ്രതിസന്ധികൾ രാജ്യങ്ങളുടെ കാലാവസ്ഥ സംരക്ഷണ നടപടികൾക്കു തടസ്സമാകരുതെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് ഷൗക്രി പറഞ്ഞു. ആഗോളതാപന ദുരന്തഫലങ്ങൾ അനുഭവിക്കുന്ന ദരിദ്ര രാജ്യങ്ങൾക്കുള്ള ധനസഹായപദ്ധതി ഉച്ചകോടിയിൽ ചർച്ച ചെയ്യുന്നുണ്ട്. നവംബർ 18 വരെ നടക്കുന്ന ഉച്ചകോടിയിൽ 120 ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ലോക നേതാക്കളുടെ ഉച്ചകോടി ഇന്നും നാളെയുമാണ്.
പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി ഈജിപ്തിലെ പ്രതിഷേധസ്വരങ്ങൾ അടിച്ചമർത്തുന്നെന്ന വിമർശനങ്ങൾക്കിടെയാണ് രാജ്യം കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയരാകുന്നത്. മുൻപു നടന്നിട്ടുള്ള എല്ലാ ഉച്ചകോടികളിലും യോഗവേദിക്കു പുറത്ത് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ പതിവു കാഴ്ചയായിരുന്നു. പ്രതിഷേധക്കാർക്ക് പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവിടേക്ക് സംഘടനകളെ അനുവദിക്കില്ലെന്നും പരാതിയുയർന്നു. പരസ്യ പ്രതിഷേധങ്ങൾക്കു വിലക്കുള്ള ഈജിപ്തിൽ, ഉച്ചകോടി നടക്കുന്ന പട്ടണത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ കനത്ത കാവലിലാണ്.
താപനില ഉയർന്ന് 8 വർഷം
വ്യവസായവൽക്കരണ കാലത്തെ (1850–1900) ശരാശരിയെക്കാൾ ആഗോള താപനില 1.15 ഡിഗ്രി സെൽഷ്യസ് വർധിച്ചതായി ശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ റിപ്പോർട്ട്. ഏറ്റവും ചൂടുകൂടിയതായി രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ 8 വർഷമാണ്. കാലാവസ്ഥ ഉച്ചകോടിയിലെ വിഡിയോ സന്ദേശത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് ആഗോള കാലാവസ്ഥാ റിപ്പോർട്ട് അവതരിപ്പിച്ചത്. മഞ്ഞുമലകളുരുകുക, സമുദ്രജലനിരപ്പുയരുക, ഉഷ്ണതരംഗം വ്യാപിക്കുക തുടങ്ങിയ അനുബന്ധ പ്രതിഭാസങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
ഉഷ്ണതാപ തരംഗം: ഇന്ത്യയിലും പ്രളയങ്ങൾ ഏറും
സമുദ്രങ്ങളിൽ രൂപമെടുക്കുന്ന ഉഷ്ണതാപ തരംഗങ്ങൾ മൂലം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തീവ്രപ്രളയങ്ങൾക്ക് ഇനിയും സാധ്യതയെന്ന് ലോക കാലാവസ്ഥാ ഉച്ചകോടിയിൽ പുറത്തിറക്കിയ ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിൽ മുന്നറിയിപ്പ്.
റിപ്പോർട്ട് ഇന്ത്യയെ സംബന്ധിച്ച് അത്യന്തം ഗൗരവതരമാണെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി ശാസ്ത്രജ്ഞനായ ഡോ. റോക്സി മാത്യു പറയുന്നു. ലോകത്ത് ഏറ്റവും കുറച്ച് പഠനങ്ങൾ നടന്നിട്ടുള്ള പുതിയൊരു ഭീഷണിയാണ് സമുദ്രങ്ങളിലെ ഉഷ്ണതാപതരംഗങ്ങൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ താപനില ക്രമാതീതമായി വർധിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങളിലും കാണുന്നത്. തീവ്രതയും എണ്ണവും വർധിച്ച് ദിശമാറിയെത്തുന്ന ചുഴലിക്കാറ്റുകൾ ഇന്ത്യയിൽ നാശം വിതച്ചേക്കാം. മൺസൂൺ പെയ്ത്തു രീതിയെയും സമുദ്രതാപനിലയിലെ വർധന ബാധിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.