2022 നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തും: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എന്‍

ജനീവ: ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. 2022 നവംബര്‍ 15 ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് 1950 ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്.
ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈന തന്നെയാണ്. എന്നാല്‍, അടുത്ത വര്‍ഷം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നാണ് കണക്കുകൂട്ടല്‍. ലോക ജനസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ 2050 ഓടെ ജനന നിരക്കും അതോടൊപ്പം ജനസംഖ്യയും 0.5 ശതമാനം കുറയും.

എന്നിരുന്നാലും ആളുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ 2030ല്‍ ഏകദേശം 850 കോടിയിലേക്കും 2050-ല്‍ 970 കോടിയിലേക്കും 2080-കളില്‍ 1040 കോടിയിലേക്കും ജനന നിരക്ക് ഉയരുമെന്ന് യുഎന്‍ പ്രവചിക്കുന്നുണ്ട്. പിന്നീട് 2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകില്ല.

എന്നാല്‍ ആകെ ജനസംഖ്യാ നിരക്ക് 100 കോടി കടക്കില്ലെന്നാണ് മറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2064 ല്‍ ആഗോള ജനസംഖ്യ 100 കോടിയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2100 ല്‍ ഇത് 880 കോടിയായിരിക്കുമെന്നും യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ആകെ ജനസംഖ്യ 900 കോടിക്കും 1000 കോടിക്കും ഇടയില്‍ നിലനില്‍ക്കുമെന്ന് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഉറപ്പുനല്‍കുന്നുണ്ട്. 2021 ല്‍, ശരാശരി ജനന നിരക്ക് കുറവായിരുന്നു. ഒരു സ്ത്രീക്ക് അവരുടെ ജീവിതത്തില്‍ 2.3 കുട്ടികള്‍ എന്ന നിലയ്ക്കായിരുന്നു കണക്കുകള്‍. 1950 ല്‍ ഇത് ഒരു സ്ത്രീയ്ക്ക് അഞ്ച് കുട്ടികള്‍ എന്ന നിലയ്ക്കായിരുന്നു. 2050-ഓടെ ഇത് ഒരു സ്ത്രീക്ക് 2.1 കുട്ടികള്‍ ആയി കുറയുമെന്നാണ് പ്രവചനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നായിരിക്കും ലോക ജനസംഖ്യയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവനയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.